താരദമ്പതികളായ പാർവതി, ജയറാം എന്നിവരുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു വിവാഹം.സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി എന്നിങ്ങനെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സൽക്കാരത്തിൽ പങ്കെടുക്കും.
പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ.
ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയം നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു വിവാഹനിശ്ചയം.