ലീഗില്ലെങ്കിൽ മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളാകുമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം കോൺഗ്രസും മുസ്ലിം ലീഗും ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ എന്ന് ഇരുപാർട്ടികളുടെയും നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സതീശന്റേത് ആർഎസ്എസ് വിധേയത്വമെന്ന് സിപിഎം
സാഹോദര്യത്തിലൂടെയാണ് കേരള സമൂഹവും മുസ്ലിം സമുദായവും എന്നും ഒരുമിച്ചു ജീവിച്ചിട്ടുള്ളത്. സമുദായത്തിലെ ബഹുഭൂരിപക്ഷവും മതനിരപേക്ഷതയും സാമ്രാജ്യത്വവിരുദ്ധ നിലപാടുകളും ഉയർത്തിപ്പിടിക്കുന്നവരാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. മുസ്ലിം ജനവിഭാഗങ്ങളെയാകെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നതും അതിനായി വ്യാജ കഥകൾ മെനയുന്നതും ആർഎസ്എസിന്റെ പതിവ് രീതിയാണ്. ഉത്തരേന്ത്യയിൽ ആർഎസ്എസ് നടപ്പാക്കുന്ന ഈ വർഗീയ പരീക്ഷണം കേരളത്തിലും കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അതിന് വി.ഡി. സതീശൻ ചൂട്ടുപിടിക്കുകയാണെന്നും പ്രസ്താവന ആരോപിച്ചു.

ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളികളായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും ഇ. മൊയ്തു മൗലവിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ്, നെഹ്റൂവിയൻ നിലപാടുകാരനെന്ന് സ്വയം അവകാശപ്പെടുന്ന സതീശന്റെ ഇത്തരം പ്രയോഗങ്ങളിലൂടെ ആ മഹത്തായ പാരമ്പര്യംകൂടി തള്ളിപ്പറയുകയാണ്. സതീശന്റെ ഉള്ളിലെ ആർഎസ്എസ് വിധേയത്വമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഇത് ബിജെപിയുടെ വളർച്ചയ്ക്കേ വഴിയൊരുക്കൂ എന്നും സിപിഎം കുറ്റപ്പെടുത്തി.

പച്ചക്കൊടി ഒളിപ്പിച്ചല്ല ബിജെപിയെ നേരിടേണ്ടതെന്ന് നൗഷാദ് അലി
എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിമുഖത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ.പി. നൗഷാദ് അലി എംഎൽഎ രംഗത്തെത്തി. മുസ്ലിം ലീഗിനെതിരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായും ആശയപരമായും നേരിടുകയാണ് വേണ്ടതെന്നും അല്ലാതെ സ്വന്തം പതാക ഒളിപ്പിച്ചുവെച്ചുകൊണ്ടല്ല അതിനെ പ്രതിരോധിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വയനാട്ടിൽ ഉയർത്തിയ മുസ്ലിം ലീഗിന്റെ പതാക പാകിസ്താൻ പതാകയാണെന്ന വ്യാജപ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ദേശീയ ശ്രദ്ധ നേടിയ അഭിമുഖത്തിലൂടെ ബിജെപിയുടെ ഈ നിരന്തര വ്യാജപ്രചാരണങ്ങളെ അതിശക്തമായി പ്രതിരോധിക്കാൻ സതീശന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിഭജനകാലത്തെ അഖിലേന്ത്യാ മുസ്ലിം ലീഗുമായി തുലനം ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ഗൂഢ അജണ്ടയാണ് സതീശൻ തുറന്നുകാട്ടിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തിൽ സാമുദായിക സൗഹാർദം തകരാതെ നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് നൽകിയ ക്രിയാത്മക സംഭാവനകളെയാണ് മുഖ്യമന്ത്രി യഥാർത്ഥത്തിൽ ഉയർത്തിക്കാട്ടിയതെന്നും നൗഷാദ് അലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *