കാലം പോറലേൽപ്പിക്കാത്ത മൂല്യങ്ങളുടെ ഓർമപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്സ്. ജീവിതം പോലെ തൻ്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും മാർഗദീപമാണ്.
ഒരു ദീപനാളത്തിന്റെ ശൂന്യതയും പേറിയുളള ഈ രാജ്യത്തിന്റെ യാത്രയ്ക്ക് ഏഴുപത്തിയാറാണ്ട്. ഋതുക്കൾ പലകുറി വന്നുപോയി. അന്ന് നെഞ്ചലച്ചവരും അവരുടെ പിൻതലമുറയും കടന്നുപോയി. ഇടനെഞ്ചിൽ ഒരു നോവുപേറി ഇന്ത്യ ആകെ മാറി.
അഹിംസയും അക്രമരാഹിത്യവും ചർക്കയും സ്വാശ്രയത്വവും പൊടിയേൽക്കാതെ ചില്ലിട്ടുവച്ച ഇന്നലെയുടെ നീക്കിയിരിപ്പായി. ബാക്കിവച്ചുപോയ ഭൗതികശേഷിപ്പുകളിൽ മാത്രം ഗാന്ധിജിയെ കാണുന്നവരായി നമ്മൾ. അതുകൊണ്ടാവണം അന്ന് മൂന്ന് വെടിയുണ്ടകൾ കൊണ്ട് നവചരിതം നിർമിക്കാൻ ഒരുമ്പെട്ടവരുടെ ഉണങ്ങിയ വേരുകളിൽ നിന്ന് നമ്മുടെ കൺമുന്നിൽ പുതിയ നാമ്പുകൾ മുളയ്ക്കുന്നത് .
നവഭാരതത്തിന് മതനിറം നൽകാൻ വെമ്പൽകൊണ്ടവർക്ക് പ്രതിബന്ധമായിരുന്നു ഗാന്ധി. മൂല്യങ്ങളിൽ മതത്തെയും മതത്തിൽ മൂല്യങ്ങളെയും കണ്ട ഗാന്ധിജിയെ തുടച്ചുനീക്കാൻ അവർ നടത്തിയ രണ്ടാം പരിശ്രമമാണ് 1948 ജനുവരി 30 ന് ഈ രാജ്യത്തെ ഇരുളിലാഴ്ത്തിയത്.
എന്നിട്ടും അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് ഇന്ത്യ അകന്നത് ഗാന്ധിജിയെ തൊട്ടറിഞ്ഞ ഒരു ജനത ഇവിടെ ബാക്കിനിന്നതു കൊണ്ടാവണം. ഇന്ന് ഗാന്ധിജിക്കും നമുക്കുമിടയിലെ ദൂരമേറെയാണ്. മതവേലികൾ നമുക്കതിരാകുന്ന കാലത്തിലേക്ക് അതുകൊണ്ടുതന്നെ ഏറെ ദൂരമുണ്ടാവില്ല.
പണ്ടെങ്ങോ നമ്മെ മൂടിയ ആ ഇരുട്ട് കനത്തു തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിനായുള്ള മുറവിളികൾക്ക് മറുപടിയില്ലാതായെങ്കിൽ തനിയെ നടക്കാം, മഹാത്മാവിലേക്ക്.
There is no ads to display, Please add some