കൊച്ചി: കുണ്ടറ ആലീസ് വർഗീസ് വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ ഹൈകോടതി വെറുതെവിട്ടു. പാരിപ്പള്ളി സ്വദേശി ഗിരീഷ് കുമാറിനെയാണ് തെളിവുകളുടെ അഭാവത്തിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്. ഗിരീഷിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. വധശിക്ഷ നടപ്പാക്കാൻ സർക്കാർ നൽകിയ അപേക്ഷ തള്ളിയും പ്രതിയുടെ അപ്പീൽ പരിഗണിച്ചുമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഒറ്റക്ക് താമസിച്ചിരുന്ന ആലീസിനെ ആഭരണങ്ങൾ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി 2013 ജൂൺ 11ന് കഴുത്തറുത്ത് കൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ദിവസങ്ങൾക്കുമുമ്പ് ജയിലിൽനിന്നിറങ്ങിയ ഗിരീഷിനെ സംശയിച്ച് പൊലീസ് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായും വിശദീകരിച്ചിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും സിംകാർഡുകളും കൊലക്കുപയോഗിച്ച കത്തിയുമെന്ന പേരിൽ തൊണ്ടിമുതലും ഹാജരാക്കി. സാഹചര്യത്തെളിവുകളിൽനിന്ന് ഗിരീഷാണ് കുറ്റം ചെയ്തതെന്ന് വ്യക്തമാണെന്നും ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും മറ്റുമായിരുന്നു വാദം. അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയെങ്കിലും വിചാരണ കോടതി വധശിക്ഷ നൽകുകയായിരുന്നു.
എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളൊന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി വിലയിരുത്തി. ആഭരണങ്ങൾ ആലീസിന്റേതാണെന്ന് തെളിയിക്കാനായിട്ടില്ല. ഫോൺ കാൾ രേഖകൾ വേണ്ടവിധം പരിശോധിച്ചിട്ടില്ല. ആലീസിനെ അവസാനം കണ്ടവരെ വിസ്തരിക്കുകയോ സംഭവസ്ഥലത്ത് കണ്ട കത്തി ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്തിട്ടില്ല. സിം കാർഡുകൾ കണ്ടെടുത്ത സാഹചര്യം വിശ്വാസയോഗ്യമല്ല. ഗിരീഷിനെ പ്രതിയാക്കാനുള്ള പ്രാഥമിക സാഹചര്യം പോലുമില്ല. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ അത് ശക്തമായി സ്ഥാപിക്കാൻപോലും കഴിഞ്ഞിട്ടില്ല.
There is no ads to display, Please add some