മാർച്ച് മാസം തുടങ്ങി ഒരാഴ്ച പിന്നിടാൻ പോകുകയാണ്. ഇതിനോടകം തന്നെ പലരും പല വിനോദ യാത്രകളും നടത്തിയിട്ടുണ്ടാകും. കൊടും ചൂടിൽ നിന്ന് രക്ഷപ്പെടാനായി പലരും തണുപ്പ് നിറഞ്ഞ ഡെസ്റ്റിനേഷനുകളാകും തെരഞ്ഞെടുക്കാറ്. ഇപ്പോൾ ഇതാ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറിലേയ്ക്കും വാഗമണ്ണിലേയ്ക്കും ഗവിയിലേയ്ക്കുമെല്ലാം വിനോദ യാത്രകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള യാത്രകളുമായി കൊല്ലം ബജറ്റ് ടൂറിസം സെൽ ഒരുങ്ങിക്കഴിഞ്ഞു. മൂന്നാറിനും വാഗമണ്ണിനും ഗവിയ്ക്കുമെല്ലാം പുറമെ ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറ, നിലമ്പൂർ യാത്രകളും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. മാർച്ച് 8നാണ് മൂന്നാർ യാത്ര. രണ്ട് പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന ഈ മാസത്തെ ഏക മൂന്നാർ യാത്രയ്ക്ക് 2,380 രൂപയാണ് നിരക്ക്. പുലർച്ചെ 5 മണിയ്ക്കാണ് യാത്ര പുറപ്പെടുക.

കേരളത്തിന്റെ സ്കോട്ലാൻഡ് ആയ വാഗമണ്ണിലേയ്ക്ക് മാർച്ച് 16നാണ് യാത്ര പുറപ്പെടുക. പുലർച്ചെ 5 മണിയ്ക്ക് ആരംഭിക്കുന്ന ഒരു ദിവസത്തെ യാത്രയ്ക്ക് 1,020 രൂപയാണ് നിരക്ക്. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള കനോലിക്കാഴ്ചകൾ എന്ന് പേരിട്ടിരിക്കുന്ന നിലമ്പൂർ പാക്കേജുമുണ്ട്. മാർച്ച് 20ന് രാത്രി 8 മണിയ്ക്ക് യാത്ര പുറപ്പെടും. രണ്ട് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന നിലമ്പൂർ യാത്രയ്ക്ക് 2,400 രൂപയാണ് നിരക്ക്.

കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും ഉൾപ്പെടുത്തിയുള്ള ഏകദിന യാത്ര മാർച്ച് 9, 22 എന്നീ തിയതികളിൽ പുറപ്പെടും. പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. മാര്‍ച്ച് 23ന് കൊല്ലം ജില്ലയിലെ റോസ്മലയിലേയ്ക്കും ഇടുക്കിയിലെ രാമക്കമേട്ടിലേയ്ക്കും ഒരു ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നുണ്ട്. റോസ്മല യാത്ര രാവിലെ 6 മണിയ്ക്കാണ് ആരംഭിക്കുക. 770 രൂപയാണ് നിരക്ക്.

പുലര്‍ച്ചെ 5 മണിയ്ക്ക് ആരംഭിക്കുന്ന രാമക്കല്‍മേട് യാത്രയ്ക്ക് 1,070 രൂപയാണ് നിരക്ക്. ഈ മാസം 24നാണ് ആരും കൊതിക്കുന്ന ഗവി യാത്ര. പുലർച്ചെ 5 മണിയ്ക്ക് പുറപ്പെടുന്ന ഒരു ദിവസത്തെ യാത്രയ്ക്ക് 1,750 രൂപയാണ് ഈടാക്കുക. ഇതിനെല്ലാം പുറമെ, പൊന്മുടി (മാര്‍ച്ച് 9), മണ്ടയ്ക്കാട് (മാര്‍ച്ച് 11), ആറ്റുകാല്‍ (മാര്‍ച്ച് 13), പാണിയേലിപ്പോര് (മാര്‍ച്ച് 15), മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍ (മാര്‍ച്ച് 22), മൂകാംബിക (മാര്‍ച്ച് 27) എന്നിവിടങ്ങളിലേയ്ക്കും ഈ മാസം യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *