ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കെപി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

