പാലാ: ഒറ്റ ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ ചരിത്ര നേട്ടം കുറിച്ചു. പ്രമുഖ ഓർത്തോപീഡിക്സ് സർജൻ ഡോ.ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെ 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ നടത്തി റിക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പുലർച്ചെ മുതൽ തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് 11 റോബോട്ടിക് ശസ്ത്രക്രിയകൾ ഒറ്റ ദിവസത്തിൽ പൂർത്തീകരിച്ചത്. രണ്ട് റോബോട്ടുകൾ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയകൾ.

അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് ഉപയോഗിച്ചാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി വരുന്നത്. ശസ്ത്രക്രിയ വിദഗ്ധനെ സഹായിക്കാൻ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുത്താണ് റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയകൾ നടത്തുന്നത്. ശസ്ത്രകിയ സമയത്ത് തൽസമയ വിവരങ്ങൾ നൽകാൻ കഴിയുന്നതിനാൽ വിദഗ്ധ ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും കേടായ അസ്ഥിഭാഗങ്ങൾ കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇൻഫ്രെറെഡ് ക്യാമറയും ഒപ്റ്റിക്കൽ ട്രാക്കറുകളും ഉപയോഗിച്ച് പരമാവധി കൃത്യത ഉറപ്പാക്കാനും സാധിക്കും. കുറഞ്ഞ വേദനയും വേഗത്തിലുള്ള സുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.

ഓർത്തോപീഡിക്സ് ചികിത്സാരംഗത്ത് മികവിന്റെ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ രണ്ടായിരത്തിൽപരം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരത്ത നടന്നു കഴിഞ്ഞിരുന്നു. സാധാരണക്കാർക്കും റോബോട്ടിക് ശസ്ത്രക്രിയകളിലൂടെ വേഗത്തിലുള്ള സുഖപ്രാപ്തി ലക്ഷ്യമിട്ടാണ് അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി ശസ്ത്രക്രിയകൾ മുന്നേറുന്നത്. നാലു പേരുടെ രണ്ടു മുട്ടുകൾ വീതവും മൂന്നു പേരുടെ ഒരോ മുട്ടു വീതവും ഒറ്റ ദിവസത്തിൽ തന്നെ മാറ്റി വച്ചാണ് കഴിഞ്ഞ ദിവസം റിക്കോർഡ് നേട്ടം കുറിച്ചത്. ഓർത്തോപീഡിക്സ് സർജൻ ഡോ.നിതിൻ തോമസ് ജോർജ്, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ്, സീനിയർ കൺസൾട്ടന്റുമാരായ ഡോ.അനു ജനാർദ്ദനൻ, ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. ഓർത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ.ഡോ.മാത്യു എബ്രഹാം, സീനിയർ കൺസൾട്ടന്റുമാരായ ഡോ.ഒ.ടി.ജോർജ്, ഡോ.രാജേഷ് വി, ഡോ.രാജീവ് പി.ബി, ഡോ.സിജോ സെബാസ്റ്റ്യൻ, കൺസൾട്ടന്റുമാരായ ഡോ.ജോസഫ് പുല്ലാട്ട്, ഡോ.റിക്കി രാജ് തോമസ് എന്നിവർ ഉൾപ്പെട്ടതാണ് ആശുപത്രിയിലെ വിദഗ്ധ റോബോട്ടിക് സർജറി വിഭാഗം.

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഓർത്തോപീഡിക്സ് വിഭാഗമുള്ള ആശുപത്രി കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ. ഡോക്ടർമാരുടെ ശസ്ത്രക്രിയ നൈപുണ്യ പരിശീലനത്തിനായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *