കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസാരിക്കാൻ ശേഷിയില്ലാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആനയെ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കേരള സർക്കാരിന് നിർദ്ദേശം നൽകിയത്.

കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് രാമനെ തുടർച്ചയായി വാണിജ്യ ആവശ്യങ്ങൾക്കും എഴുന്നള്ളിപ്പുകൾക്കും ചടങ്ങുകൾക്കുമായി ഉപയോഗിക്കുകയും ഇതുവഴി കടുത്ത രീതിയിൽ ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തി. ആന യഥാർത്ഥത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റേതാണെന്നും, താൽക്കാലിക പരിചരണത്തിനായി മാത്രമാണ് കൃഷ്ണൻകുട്ടി എന്ന വ്യക്തിക്ക് കൈമാറിയതെന്നും കാണിച്ച് ജയകൃഷ്ണ മേനോൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

വിലക്കുകൾ നിലനിൽക്കെ, പരമോന്നത കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ ബലത്തിൽ തന്നെ ആനയെ വീണ്ടും വാണിജ്യപരമായി ചൂഷണം ചെയ്തത് തികച്ചും നിർഭാഗ്യകരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംസാരിക്കാൻ കഴിയാത്ത ജീവികളോട് കാണിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ കോടതിക്ക് കഴിയില്ലെന്നും, മൗനസാക്ഷിയായി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തർക്കത്തിലുള്ള ഒരു വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ആനയെ കൈവശം വെച്ചിരുന്ന കൃഷ്ണൻകുട്ടി, സുപ്രീം കോടതിക്ക് നൽകിയ ഉറപ്പ് ബോധപൂർവ്വം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *