സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.

2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *