ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തുമാണ്. ഒറ്റക്കളിയിലും തോല്‍ക്കാത്ത, ഒറ്റഗോളും വഴങ്ങാത്ത ബെംഗളൂരു എഫ് സിക്കെതിരെ ദക്ഷിണേന്ത്യന്‍ ഡാര്‍ബിയില്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ കൊല്‍ക്കത്തയില്‍ മലര്‍ത്തിയടിച്ച ആത്മവിശ്വാസം ടീമിനുണ്ട്.
ബെംഗളൂരു എഫ് സിക്കെതിരെ മുറിവേറ്റ കണക്കുകളും ഓര്‍മ്മകളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കളിക്കളത്തിലെ വീറും വാശിയും ഇരട്ടിയായി ഗാലറിയിലേക്കും പടരും. മികേല്‍ സ്റ്റാറേയുടെ തന്ത്രങ്ങള്‍ക്ക് ബെംഗളൂരുവിനെ വേദനപ്പിച്ച് മടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. നായകന്‍ അഡ്രിയന്‍ ലൂണ തിരിച്ചെത്തിയതോടെ മധ്യനിരയുടെ കെട്ടുറപ്പും വീര്യവും കൂടും. ഇതുവരെ പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴാത്ത ബെംഗളൂരുവിനെതിരെ ലക്ഷ്യം കാണാന്‍ നോവ സദൂയി, ക്വാമെ പെപ്രെ, ഹെസ്യൂസ് ഹിമിനെ ത്രയം പുതിയ വഴികള്‍ തേടേണ്ടിവരും.
There is no ads to display, Please add some