പണ്ടൊക്കെ കർക്കടകം പഞ്ഞമാസമായിരുന്നു. തോരാതെ പെയ്യുന്ന മഴ, പണിയും പണവുമില്ലാതെയും പുറത്തിറങ്ങാനാകാതെയും വിഷമിക്കുന്ന പാവങ്ങൾ, കൂട്ടിന് പനിയും ചുമയും മറ്റ് രോഗങ്ങളും കൂടിയാകുമ്പോൾ കർക്കടകം പൊതുവെ വിഷമാവസ്ഥയുടെ കാലംതന്നെയായിരുന്നു. പൊന്നിൻ ചിങ്ങം പിറന്നാൽ പഞ്ഞക്കർക്കടകത്തെ ആട്ടിയകറ്റി പുത്തൻ പ്രതീക്ഷയിലേക്കിറങ്ങുന്നതുവരെയുള്ള ഒരു മാസക്കാലം. അന്ന് പഞ്ഞക്കർക്കടകത്തെ മറികടക്കാൻ പല വഴികളാണ് പഴമക്കാർ പിൻതുടർന്നു വന്നിരുന്നത്.

പക്ഷികളും ജീവികളും പോലും മഴക്കാലത്തിനെ കരുതി ഭക്ഷണവും പാർപ്പിടവും കരുതിവെയ്ക്കുന്നതുപോലെ മനുഷ്യനും മഴക്കാലത്തെ മറികടക്കാൻ ചില ഉപാധികൾ കണ്ടെത്തിയിരുന്നു. ഭക്ഷണക്രമത്തിൽ മാറ്റംവരുത്തിയും ദൈവത്തോടു കൂടുതൽ അടുത്തും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചും കർക്കടകത്തിന്റെ വിഷമതകളകറ്റാൻ ശ്രമിച്ചു. പഴഞ്ചൊല്ലുകളിലൂടെയും കഥകളിലൂടെയും പുരാണങ്ങളിലൂടെയും അത് വരുംതലമുറയ്ക്കു പകർന്നുനൽകുകയുംചെയ്തു.

‘ചക്കേം മാങ്ങേം പത്തീസം… താളും തകരേം പത്തീസം … അങ്ങനേം ഇങ്ങനേം പത്തീസം എന്ന പഴഞ്ചൊല്ല് കർക്കടകത്തിലെ ഭക്ഷണ ദാരിദ്ര്യത്തെയും ഭക്ഷണക്രമത്തെയും സൂചിപ്പിക്കുന്നതാണ്.

മരുന്നുകഞ്ഞിയും പത്തിലത്തോരനും

തണുത്ത കാലാവസ്ഥയിൽ മഴക്കാലരോഗങ്ങൾ തേടിയെത്തും. ശരീരവേദന, പനി, ചുമ, വാതരോഗങ്ങൾ എന്നിവയെ മറികടക്കാനും ആചാര്യന്മാരുടെയും പഴമക്കാരുടെയും കൈയിൽ വിദ്യകളുണ്ടായിരുന്നു. സാധാരണക്കാരന്റെ ഭക്ഷണമായ കഞ്ഞിയിൽ പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേർത്ത് മരുന്നുകഞ്ഞി ഉണ്ടാക്കി കുടുംബത്തിൽ എല്ലാവരും ചേർന്ന് കഴിക്കുകയായിരുന്നു പതിവ്. ഇന്ന് മരുന്നുകഞ്ഞിക്കൂട്ട് കടകളിൽ സുലഭം. തേങ്ങാമരുന്ന്, ചുക്കുകാപ്പി, ശരീരവേദനയകറ്റാൻ ഉഴിച്ചിൽ, പിഴിച്ചിൽ എന്നീ ചികിത്സകളും കർക്കടകത്തിൽ ചെയ്യാറുണ്ട്.

ആരോഗ്യ പരിപാലനത്തിനായി പറമ്പിൽനിന്നു സുലഭമായി കിട്ടുന്ന പത്ത് ഇലകൾ കൊണ്ടുള്ള തോരൻ ഭക്ഷണത്തിനൊപ്പം ചേർക്കുവാനായിരുന്നു ആയുർവേദ ആചാര്യന്മാരുടെ നിർദേശം. താള്, തകര, മത്തൻ, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകൾ. ദേശഭേദങ്ങളനുസരിച്ച് ഇലകളിൽ മാറ്റംവരാം.

ഉദരരോഗങ്ങൾക്ക് ഉത്തമ ഔഷധമായി പത്തില തോരനെ ആയുർവേദ ആചാര്യന്മാർ കണ്ടിരുന്നു. ദേവന്മാർ ഇലകളിൽ അമൃത് വർഷിക്കുന്ന കാലമാണ് കർക്കടകം എന്ന സങ്കൽപത്തിലാണ് ഇത്. സാധാരണ തോരൻ വെയ്ക്കാറുള്ള മഴക്കാലത്ത് വിഷാംശമുണ്ടെന്നും അത് വർജിക്കണമെന്നും പറയുന്നു. കർക്കടകച്ചേമ്പ് കട്ടിട്ടെങ്കിലും കൂട്ടണമെന്ന് പഴഞ്ചൊല്ലിൽ പറയുന്നുണ്ട്. ഭക്ഷണക്രമങ്ങൾ പിന്നെയും പലതുണ്ട്.

ദശപുഷ്പം ചൂടിക്കാം… തിരുമധുരം നേദിക്കാം

പലവിധത്തിൽ വിഷമതകളനുഭവിക്കുന്ന മാസത്തിൽ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കാനുള്ള മാർഗവും പൂർവികർ പകർന്നുതന്നിരുന്നു. രാമായണ പാരായണവും ദശപുഷ്പങ്ങൾ നിലവിളക്കിനു മുമ്പിൽ ഒരുക്കിവെയ്ക്കുന്ന രീതിയും ദശപുഷ്പമാല ദൈവങ്ങളുടെ ചിത്രത്തിലും ബിംബങ്ങളിലും ചാർത്തുന്ന രീതിയും ഹൈന്ദവ ഭവനങ്ങളിൽ കണ്ടുവന്നിരുന്നു.

രാമായണം പാരായണം ചെയ്യുന്നതിലൂടെ ദുഃഖ, ദുരിതങ്ങൾക്ക് ശമനമുണ്ടാകുമെന്നാണ് ഹൈന്ദവവിശ്വാസം. ഒരുമാസം രാമായണം പാരായണം ചെയ്തുകഴിയുമ്പോഴേക്കും മനസ്സിനേയും ശരീരത്തേയും കുളിരണിയിച്ച് ചിങ്ങമെത്തും. തിന്മയിൽനിന്നു നന്മയിലേക്കുള്ള യാത്രയാണ് രാമായണപാരായണമെന്ന് ആചാര്യന്മാർ പറയുന്നു. ഇപ്പോൾ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം രാമായണ മാസാചരണമുണ്ട്. നാലമ്പല ദർശനവും ഈ മാസത്തിൽ പ്രധാനമാണ്.

മംഗളദായകങ്ങളായ പത്ത് ഇലകളും പൂക്കളും ചേർന്നതാണ് ദശപുഷ്പങ്ങൾ. കറുക, ചെറൂള, മുയൽച്ചെവി, വിഷ്ണുക്രാന്തി, നിലപ്പന, മുക്കുറ്റി, പൂവാംകുറുന്തല, കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിവയാണത്. ദേശഭേദമനുസരിച്ച് ഇവയുടെ പേരിൽ ചെറിയ മാറ്റങ്ങളുണ്ട്. ഓരോ പുഷ്പങ്ങളേയും ഓരോ ദേവതമാരായും അതിന് ഓരോ ഫലസിദ്ധിയും കൽപിക്കുന്നുണ്ട്. തിരുവാതിരയ്ക്കും പിറന്നാളിനും സ്ത്രീകൾ ദശപുഷ്പം ചൂടുന്ന ചടങ്ങും പണ്ട് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *