പാപ്പിനിശ്ശേരി പാറക്കലിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്‍റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തി.
പിതാവ് മരിക്കുകയും മാതാവ് ഉപേക്ഷിക്കുയും ചെയ്ത കുഞ്ഞിനെ പിതൃ സഹോദരനായ മുത്തു ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് മുത്തു- അക്കലു ദമ്പതികൾക്ക് കുഞ്ഞുപിറക്കുന്നത്. ഇതോടെ തന്നോടുള്ള സ്നേഹം നഷ്ടപ്പെടുമോയെന്ന ഭയം കുട്ടിയെ ഇത്തരമൊരു ക്രൂര കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു.

വാടക ക്വാർട്ടേഴ്സിനു സമീപത്തെ ആൾമറയുള്ള കിണറ്റിലാണ് അർധരാത്രി മൃതദേഹം കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കിണറ്റിൽ വലിച്ചെറിഞ്ഞശേഷം കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
12 മണിയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില് നിന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലേക്ക് പുറത്തുനിന്നൊരാൾ വന്നതിന്‍റെ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. കൃത്യത്തിനു പിന്നിൽ വീട്ടിലുള്ളവർ തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ്, രക്ഷിതാക്കളുടെ മൊഴിയെടുക്കുമ്പോഴും കുട്ടിയെ സംശയിച്ചിരുന്നില്ല. കുട്ടിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് പൊലീസ് ചെയ്തത്.

ഒടുവിലാണ് പൊലീസ് കുട്ടിയിലേക്കെത്തുന്നത്. രക്ഷിതാക്കൾ ജോലിക്ക് പോകുന്ന സമയത്തെല്ലാം 12 വയസ്സുകാരി തന്നെയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

There is no ads to display, Please add some