കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ ഹോളിക്രോസ് മഠത്തിന് സമീപവും, രാജവീഥി കവലയിലുമായി കൈത്തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ രണ്ട് ടാങ്കർ ലോറികൾ, മികവാർന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കക്കൂസ് മാലിന്യം എടുത്തുകൊണ്ടുപോകുന്ന സർവീസ് നടത്തുന്ന ചേർത്തല ഭാഗത്തള്ള കമ്പനിയുടെ ലോറികളാണ് പിടികൂടിയത്. ലോറിയുടെ ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സെപ്റ്റംബർ 19 നാണ് നാടിനെ ഏറെ കഷ്ടത്തിലാക്കിയ സംഭവം നടന്നത് . കാരക്കൽ, മഹാത്മാ കുടിവെള്ള പദ്ധതികളുടെ, വെള്ളം ശേഖരിക്കുന്ന കുളത്തിൻ്റെ വളരെ അടുത്താണ് കൈത്തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ വലിയ അളവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയത്. അതോടെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. പത്തു ദിവസം കഴിഞ്ഞിട്ടും, വെള്ളം പൂർണമായും ശുദ്ധിയാകാത്തതിനാൽ പമ്പിങ് പുനരാരംഭിയ്ക്കുവാൻ സാധിച്ചിട്ടില്ല. നാല് ദിവസം കൂടി സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും തുടർന്ന് ജലം പരിശോധിച്ച ശേഷം മാത്രമേ പമ്പിങ് പുനരാരംഭിക്കുകയുള്ളു എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അത്തരം നീച പ്രവർത്തികൾ ചെയ്ത സാമൂഹിക വിരുദ്ധന്മാരായ പ്രതികളെ ഉടൻ പിടികൂടണം എന്നവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ നിലപാട് എടുത്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . വാർഡ് മെമ്പർ സിന്ധു മോഹൻ, പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റ് പഞ്ചായത്ത് അംഗങ്ങളും പൂർണ പിന്തുണയേകി ഒപ്പം നിന്നു. DMO യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം, പഞ്ചായത്ത് ഭരണ സമതി ഉൾപ്പെടെ പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്ന് സബ് കമ്മറ്റി രൂപീകരിച്ച് മാലിന്യ പ്രശ്നം നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചു.

പൂഞ്ഞാർ എം.എൽ.എ. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി, പ്രത്യക താല്പര്യമെടുത്തതോടെ അന്വേഷണ സംഘം ഉണർന്ന് പ്രവർത്തിച്ചു . കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെയും, പാലമ്പ്ര റോഡിലെയും വിവിധ സി സി ടിവികൾ പരിശോധിച്ചപ്പോൾ, രണ്ട് ടാങ്കർ ലോറികൾ പോകുന്നത് കണ്ടുപിടിച്ചു. പിന്നീട് നടന്നത് കാഞ്ഞിരപ്പള്ളി പോലിസിന്റെ അന്വേഷണ മികവിൻ്റെ പ്രതിഫലനമാണ്. അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച കാഞ്ഞിരപ്പള്ളി എസ്.ഐ. സുനേഖ് ഏറെ അഭിനന്ദങ്ങൾ അർഹിക്കുന്നു.

ലോറി എത്തിയതും പോയതുമായ സമയം കണ്ടെത്തിയതോടെ, വിവിധ സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളിലൂടെ ലോറികളുടെ റൂട്ട് മാപ്പ് മനസ്സിലാക്കി, വിദഗ്ദമായി ലോറി പോയ വഴിയിലൂടെ സഞ്ചരിച്ച്, ചേർത്തലയിൽ നിന്നും ലോറികൾ പിടികൂടി. രണ്ട് ഡ്രൈവർമാരും പോലീസ് പിടിയിലാണ്. ഡ്രൈവർമാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പരിസര പ്രദേശത്തു നിന്നാണ് കക്കൂസ് മാലിന്യം ശേഖരിച്ചത് എന്ന് കരുതപെടുന്നുണ്ടെങ്കിലും, എവിടെ നിന്നാണ് എടുത്തത് എന്ന് ഇനിയും ഡ്രൈവർമാർ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത് . ഉടൻ തന്നെ പൂർണ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

