കാഞ്ഞിരപ്പള്ളി : ബസ്സ്റ്റാൻഡ് പ്രവേശന കവാടത്തിലെ റോഡും നടപ്പാതയിൽ ഓടയുടെ മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലും തകർന്നിട്ട് നാളുകളായിട്ടും നവീകരിക്കാൻ നടപടിയായിട്ടില്ല. ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കോൺക്രീറ്റ് തകർന്ന റോഡിലൂടെ ബസുകൾ സ്റ്റാൻഡിലേക്ക് കയറിപ്പോകുമ്പോൾ യാത്രക്കാരുടെ നടുവൊടിക്കുന്ന നിലയിലാണ്. ബസ്സ്റ്റാൻഡിൽനിന്ന് ഇറങ്ങി വരുന്ന ഭാഗത്തെ നടപ്പാതയിൽ ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രിൽ തകർന്ന് കിടക്കുകയാണ്.

മഴ പെയ്താൽ ഗ്രില്ലിന് മുകളിൽ വെള്ളമടിഞ്ഞ് അപകടം പതിയിരിക്കുന്നത് കാണാൻ കഴിയില്ല. മുൻപ് തകർന്നുകിടന്നിരുന്ന ഈ ഗ്രില്ലിലൂടെ ഓടയിലേക്ക് വീണ് അധ്യാപികയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് ഗ്രില്ല് മാറ്റി സ്ഥാപിച്ചെങ്കിലും വീണ്ടും തകർന്ന് പഴയപടിയായ നിലയിലാണ്. ദേശീയപാത വിഭാഗമാണ് ഓടയുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ബസ്സ്റ്റാൻഡ് പ്രവേശനകവാടത്തിലെ റോഡ് നവീകരിക്കുന്നതിന് അഞ്ചുലക്ഷംരൂപയുടെ പദ്ധതിയായിട്ടുണ്ടെന്നും ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്നും പഞ്ചായത്ത് ഭരണസമിതി ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.


