ആലപ്പുഴ: മാന്നാറില്‍ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ഇത് മൃതദേഹത്തിന്റെ ഭാഗമാണോയെന്ന് സംശയിച്ചിട്ടില്ല. സ്ത്രീകള്‍ മുടിയില്‍ ഇടുന്ന ക്ലിപ്പ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. 15 വര്‍ഷം പിന്നിട്ടതിനാല്‍ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറന്‍സിക് സംഘം സംശയിക്കുന്നുണ്ട്. വിശദമായി പരിശോധന തുടരുകയാണ്. സംഭവത്തില്‍ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. നാല് പേരും പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നല്‍കുന്നത്.

കലയെ കാണാതയപ്പോള്‍ മാതാപിതാക്കളും പരാതി നല്‍കിയിരുന്നില്ല. കല കൊച്ചിയില്‍ ജോലിക്ക് പോയി എന്ന നിഗമനത്തില്‍ ആയിരുന്നു കുടുംബം. വ്യക്തി വൈരാഗ്യമാകും കൊലയ്ക്ക് കാരണമെന്ന് കരുതുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പല മൊഴികളും സ്ഥിരീകരിക്കാനാവൂ. സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും അവരെല്ലാം തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കല മറ്റൊരാള്‍ക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകമാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് പൊലീസ് ഇദ്ദേഹത്തെയും സംശയിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ കലയുടെ ബന്ധുക്കള്‍ ഇവരുമായി ബന്ധം അറുത്തു. പിന്നീട് കലയെ കാണാതായപ്പോള്‍, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനില്‍ പറഞ്ഞത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് അനിലിന്റെ മാന്നാറിലെ വീട് പുതുക്കി പണിതു. പുനര്‍ വിവാഹിതനായ അനില്‍ ഇസ്രയേലില്‍ ജോലിക്ക് പോയി.

മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ പ്രമോദ് പിടിയിലായി. അന്വേഷണത്തില്‍ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനില്‍ ഊമക്കത്തായി ചില വിവരങ്ങള്‍ ലഭിച്ചു.

ഇതോടെ പ്രമോദിനെയും സുഹൃത്തുക്കളെയും പൊലീസ് തുടര്‍ച്ചയായി നിരീക്ഷിച്ചു. കൊലപാതകമെന്ന സംശയം ബലപ്പെട്ടപ്പോഴാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം മദ്യപാന സദസ്സില്‍ വെച്ച് പ്രതികരില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് ഊമകത്തിലേക്ക് പൊലീസിന്റെ അന്വേഷണത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *