വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേർത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

പൊലീസ് ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ചശേഷം ഹർജി ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്‍റെ പേരിലുളള വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടതു സൈബർ വാട്സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ കൈക്കൊണ്ടത്. റിബേഷിൻ്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു പറഞ്ഞു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങൾക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷൈജു.

സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് റിബേഷ് ചെയ്തത്. സ്ക്രീൻ‌ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്.

റിബേഷിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകും. ഏത് അന്വേഷണ ഏജൻസിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്ഐ നൽകും. ശക്തമായ അന്വേഷണം നടന്നാൽ ഇതിനെല്ലാം പിന്നിൽ വ്യാജ പ്രസിഡൻ്റുമാർ ആണെന്ന് തെളിയുമെന്നും രാഹുൽ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed