പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സെൻസർ ബോർഡ്‌ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളക്ക് വെട്ട് എന്ന് സംവിധായകൻ പ്രവീൺ നാരായണൻ. സെൻസർ ബോർഡ്‌ റിവ്യൂ കമ്മറ്റി കണ്ടിട്ടും ജാനകിക്ക് വെട്ട് എന്ന് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പേര് മാറ്റം ആവശ്യപ്പെട്ടത് വിവാദമായതിന് പിന്നാലെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേന്ദ്ര സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കണ്ടിരുന്നു. മുംബൈയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം ചോദിച്ചിരുന്നു. സിനിമ കണ്ടു റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. ഇന്ന് തീയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിന്റെ റിലീസ്, പേര് മാറ്റം ആവശ്യപ്പെട്ടതോടെ നേരത്തെ മാറ്റിവെക്കുകയായിരുന്നു.

കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ നേരത്തെ അറിയിച്ചിരുന്നത്. വാക്കാൽ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന നിർദ്ദേശം. മുംബൈയിൽ നിന്നാണ് ഇക്കാര്യത്തിൽ ഒരു തടസ്സം നേരിടുന്നത്. സിനിമയ്ക്ക് പുരാണവുമായി ബന്ധമുള്ള സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് നൽകിയതിന്‍റെ പേരിൽ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *