മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിലേക്ക് ഓഫ്റോഡ് ജീപ്പ് ഇറക്കി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വാഹവും മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് റിസർവോയറിലേക്ക് ഇറക്കി വെള്ളത്തിലൂടെ ഓടിച്ചത്.
ഡാമിലേക്കും പരിസരങ്ങളിലേക്കും അതിക്രമിച്ചു കടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ആളുകൾ റിസർവോയറിലേക്ക് എത്തുന്നത്. വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണങ്ങൾക്കുമായി അപകടകരമായ രീതിയിൽ വെള്ളത്തിലിറങ്ങുന്നത് ഈ മേഖലകളിൽ പതിവായിരിക്കുകയാണ്. ഇരുമ്പകച്ചോല, ചപ്പാത്ത്, വെള്ളത്തോട്, കൊർണ്ണക്കുന്ന് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ചതിക്കുഴികളും ചെളിയും മണ്ണും അടിഞ്ഞുകൂടിയ റിസർവോയറിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ താഴ്ന്നുപോകാനും ആളുകൾ അപകടത്തിൽപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അപകടസാധ്യത അവഗണിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

