വിജയ് നായകനായ ജനനായകന്‍ സിനിമയുടെ റിലീസ് വീണ്ടും പ്രതിസന്ധയില്‍. പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് ഇന്ന് രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു.
എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹരജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കി.

