അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ തീരുമാനിച്ചതോടെ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ചെന്നൈ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമായി മത്സരങ്ങള്‍ ചുരുക്കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്. ഫൈനല്‍ മത്സരം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി മെയ് 25ന് പകരം മെയ് 30ലേക്ക് മാറ്റുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം ടീമുകള്‍ക്ക് അയച്ചു കൊടുക്കും.

അതേസമയം, ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ പല ടീമുകളും ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശതാരങ്ങളെ തിരിച്ചെത്തിക്കാനുള്ള ട്രാവല്‍ പ്ലാൻ തയാറാക്കാനും ബിസിസിഐ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതിര്‍ത്തി സംഘർഷങ്ങളെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ ഭരിഭാഗം വിദേശതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാട്ടിലേക്ക് മടങ്ങിയിരുന്നു.10 ടീമുകളിലായി 62 വിദേശ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

പഞ്ചാബ് കിംഗ്സ് ഒഴികെ എല്ലാ ടീം അംഗങ്ങളും അവരുടെ ഹോം സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് ചെയ്യാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബ് കിംഗ്സിന്‍റെ ഹോം മത്സരങ്ങള്‍ ധരംശാലയില്‍ നിന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുവരെ 57 മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഐപിഎല്ലില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി മത്സരമടക്കം ഇനി 17 മത്സരങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്.

പ്ലേ ഓഫിലെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലായിരിക്കെ 11 കളികളിൽ 16 പോയന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11 കളികളില്‍ 16 പോയന്‍റുളള ആര്‍സിബി രണ്ടാമതും 11 കളികളില്‍ 15 പോയന്‍റുള്ള പഞ്ചാബ് മൂന്നാമതും 12 കളികളില്‍ 14 പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. 13 പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്കും 11 പോയന്‍റുള്ള കൊല്‍ക്കത്തക്കും 10 പോയന്‍റുള്ള ലക്നൗവിനും ഇപ്പോഴും പ്ലേ ഓഫ് സാധ്യകളുണ്ട്. ഏഴ് പോയന്‍റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയന്‍റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.
