നിർണായക ഘട്ടങ്ങളിൽ മഴ ചതിച്ചതിന്റെ കണ്ണീരോർമകളാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകർക്കുള്ളത്. ട്വൻ്റി 20യിൽ കിരീടമാർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ബാർബഡോസിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥ പ്രവചനം. സെമിക്കിടെ വന്നത് പോലെ മഴയെത്തിയാൽ ഫൈനലിൽ എന്ത് ചെയ്യും?

ഗയാനയിൽ മഴ കളി തടസപ്പെടുത്തിയതോടെ 250 മിനിറ്റാണ് ഐസിസി അധികമായി അനുവദിച്ചത്. റിസർവ് ഡേ ഇല്ലാത്തതിനെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ബാർബഡോസിൽ നടന്ന മൽസരങ്ങളിൽ ഒന്നു മാത്രമാണ് മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത്.

കാലാവസ്‌ഥ പ്രതികൂലമായാൽ 20 ഓവർ എറിയാതെ തന്നെ കളി പൂർത്തിയാക്കാമെന്നാണ് ഐസിസി ചട്ടം. സാധ്യമായ എക്സ്ട്രാ ടൈം അംപയർമാർ വിനിയോഗിക്കുമെന്നും ആവശ്യമെങ്കിൽ ഓവറുകളുടെ എണ്ണം ചുരുക്കി കളി നടത്തുമെന്നും ഐസിസിയുടെ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

ഗ്രൗണ്ട്, കാലാവസ്‌ഥ, വെളിച്ചം എന്നിവ കണക്കിലെടുത്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. നിശ്ചയിച്ച സമയത്ത് നിശ്‌ചിത ഓവറിൽ തന്നെ മൽസരം നടത്താനാകും പരമാവധി ശ്രമിക്കേണ്ടതെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു.

അങ്ങനെയെങ്കിൽ ഇരുടീമുകളും 10 ഓവർ വീതമെങ്കിലും കളിക്കും. അതല്ല കെൻസിങ്‌ടൺ ഓവലിൽ മഴ ആടിത്തിമിർത്താൽ ഫൈനൽ ഞായറാഴ്ചത്തേക്ക് മാറ്റി വയ്ക്കുന്നതും ഐസിസിക്ക് പരിഗണിക്കേണ്ടി വരും. കളി പാതി പിന്നിടുമ്പോഴാണ് മഴ എത്തുന്നതെങ്കിൽ അടുത്ത ദിവസത്തേക്ക് കൂടി നീട്ടാനാണ് ഐസിസിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നത്.

സെക്കന്റ് ഇന്നിങ്സിലെ ആദ്യ ബോൾ എറിയുന്നതിന് മുൻപ് കളി തടസപ്പെടുകയാണെങ്കിൽ 20 ഓവറുള്ള കളിയാകും പിന്നീട് നടത്തുക. എന്നാൽ രണ്ടാം ഇന്നിങ്സിൽ ആദ്യ ഓവർ പൂർത്തിയായ ശേഷമാണ് മഴ പെയ്യുന്നതെങ്കിൽ ഡക്ക് വർത് ലൂയിസിന്റെ മഴ നിയമം നടപ്പിലാക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed