ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ എന്നും ആരാധകരുടെ ഹൃദയമിടിപ്പ് ഉയർത്തുന്നവയാണ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇത്തവണ ഇരുടീമുകളും നേർക്കുനേർവരുമ്പോൾ അതിന് വിവാദങ്ങളുടെ അകമ്പടികൂടിയുണ്ട്. ഞായറാഴ്ച ദുബായിൽ ക്രിക്കറ്റിലെ പരമ്പരാഗതശക്തികൾ ഒരിക്കൽക്കൂടി മുഖാമുഖംവരും. ഉച്ചയ്ക്ക് 2.30 മുതലാണ് ഇന്ത്യ-പാക് മത്സരം.

പാകിസ്‌താൻ ആതിഥ്യംവഹിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്. രാഷ്ട്രീയകാരണങ്ങളാൽ ഇന്ത്യക്ക് പാകിസ്‌താനിൽ കളിക്കാൻ അനുമതിലഭിച്ചിരുന്നില്ല. ഇതോടെയാണ് ഐ.സി.സി. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്.

ആത്മവിശ്വാസത്തോടെ ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ പരമ്പരനേടിയാണ് രോഹിത് ശർമയും സംഘവും ചാമ്പ്യൻസ് ട്രോഫിക്കെത്തിയത്. ആദ്യകളിയിൽ ബംഗ്ലാദേശിനെ അനായാസം കീഴടക്കിയതോടെ ടീമിന്റെ ആത്മവിശ്വാസം വർധിച്ചു. പാകിസ്‌താനെ കീഴടക്കിയാൽ സെമി സാധ്യത തെളിയും.

മിന്നുന്നഫോമിൽ കളിക്കുന്ന ഓപ്പണർ ശുഭ്മാൻ ഗിൽ, മധ്യനിരബാറ്റർ ശ്രേയസ് അയ്യർ, ഫോമിലേക്ക് മടങ്ങിയെത്തിയ കെ.എൽ. രാഹുൽ എന്നിവരാണ് ബാറ്റിങ്ങിലെ നെടുംതൂണുകൾ. നായകൻ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ഫോം വീണ്ടെടുക്കേണ്ടതുണ്ട്. അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ടീം ഘടനയെ സന്തുലിതമാക്കുന്നുണ്ട്.

പേസർ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം പരിഹരിക്കുന്നതരത്തിലാണ് ബംഗ്ലാദേശിനെതിരേ മുഹമ്മദ് ഷമിയും ഹർഷിത് റാണയും പന്തെറിഞ്ഞത്. അഞ്ചുവിക്കറ്റുമായി ഷമി ഫോമിലേക്കുയരുന്നതിന്റെ സൂചനയും നൽകി. മൂന്നാം പേസറായി ഹർദിക് പാണ്ഡ്യയുണ്ട്. സ്പ്‌പിൻ ത്രയവുമായിട്ടാകും ഇന്ത്യ കളിക്കുന്നത്. രവീന്ദ്ര ജഡേജ-കുൽദീപ് യാദവ്-അക്സർ പട്ടേൽ ത്രയത്തിന് ബൗളിങ്ങിൽ വൈവിധ്യംനൽകാൻ കഴിയുന്നുണ്ട്.

തിരിച്ചുവരാൻ പാക്

ആദ്യകളിയിൽ ന്യൂസീലൻഡിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്ത‌ാൻ. തോൽവിവഴങ്ങിയ രീതിയും മാനേജ്മെന്റിനെ കുഴപ്പിക്കുന്നുണ്ട്. ഷഹീൻ അഫ്രിദി-നസീം ഷാ-ഹാരിസ് റൗഫ് പേസ് ത്രയത്തെ ന്യൂസീലൻഡ് ബാറ്റർമാർ അടിച്ചൊതുക്കി. ഇന്ത്യക്കെതിരായ മത്സരമാകുമ്പോൾ ടീം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് നായകൻ മുഹമ്മദ് റിസ്വാൻ. ബാബർ അസം, സൽമാൻ ആഗ, ഖുഷ്‌ദിൽ ഷാ എന്നിവരടങ്ങിയ ബാറ്റിങ്നിരയ്ക്ക് ആഴമുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *