മൂന്നാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ മെംബർ സ്ഥാനത്തു നിന്നും ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ് പ്രതിനിധി ആൻസി തോമസ് നൽകിയ കേസിലാണ് നടപടി. വരുന്ന ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജി ചന്ദ്രനെ അയോഗ്യയാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിനിധിയായ ആൻസി തോമസ് ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് അംഗമായി വിജയിച്ച രാജി ചന്ദ്രനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു. മുന്നണി ധാരണ പ്രകാരം ഒരു വർഷത്തിനു ശേഷം രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്ന് വീണ്ടും പ്രസിഡൻറായി. ഇതേത്തുടർന്നാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. വിധിപ്പകർപ്പ് കിട്ടിയ ശേഷം അപ്പീൽ നൽകുമെന്ന് രാജി ചന്ദ്രൻ പറഞ്ഞു.
ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച ശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് രാജിയെ ഹൈക്കോടതി അയോഗ്യയാക്കിയത്. തനിക്ക് പാർട്ടി വിപ്പ് നൽകിയിട്ടില്ല എന്നതടക്കമുള്ള രാജിയുടെ വാദം കോടതി തള്ളി.
There is no ads to display, Please add some