കായംകുളം: പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായവരെ വെട്ടിമാറ്റാൻ നടത്തിയ നീക്കം സിപിഎമ്മിന്റെയും ദുരിതബാധിതരുടെയും നേതൃത്വത്തിൽ തടഞ്ഞു. പത്തിയൂർ വില്ലേജ് ഓഫീസിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും അരങ്ങേറിയത്.കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രൂക്ഷമായ നാശനഷ്ടം നേരിട്ട പത്തിയൂർ പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബങ്ങൾ നൽകിയ അപേക്ഷകളിലാണ് തിരിമറിക്ക് ശ്രമം നടന്നത്.

ഗ്രാമപഞ്ചായത്ത് അംഗം ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ ദുരിതബാധിതരായ കുടുംബങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളിലാണ് തിരിമറി നടത്താൻ നോക്കിയത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുടെ രഹസ്യ ഒത്താശയോടെ പ്രാദേശിക കോൺഗ്രസ് നേതാവ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് അതിക്രമിച്ചു കയറുകയും, അർഹരായ ദുരിതബാധിതരുടെ പേരുകൾ വെട്ടിമാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.വിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ദുരിതബാധിതർ വില്ലേജ് ഓഫീസിലേക്ക് സംഘടിച്ചെത്തി വില്ലേജ് ഓഫീസർ ലേഖയെ ഉപരോധിച്ചു.

