കൊച്ചി: വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും, പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍, അന്വേഷണ റിപ്പോര്‍ട്ട് അടക്കം ചോദ്യം ചെയ്തുകൊണ്ട് പരിഷ്‌കരിച്ച ഹര്‍ജി നല്‍കാനാണ് അനുവദിച്ചിട്ടുള്ളത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ സര്‍വകലാശാല നടത്തിയ അന്വേഷണം പൂര്‍ത്തിയായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണം പൂര്‍ത്തീകരിച്ചെന്നും, അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നുമാണ് സര്‍വകലാശാല സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. സസ്‌പെന്‍ഷനിലായ 12 വിദ്യാര്‍ഥികള്‍ രേഖാമൂലം നിരുപാധികം മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും, നാലു പേരുടെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്നും കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ്, സത്യവാങ്മൂലത്തിലെ കണ്ടെത്തല്‍ അടക്കം ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പഴയ ഹര്‍ജി പുതുക്കി നല്‍കാന്‍ ഹൈക്കോടതി അവസരം നല്‍കിയത്. കുറ്റക്കാരായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പു പറയണം, അവര്‍ ചെയ്ത തെറ്റ് ഏറ്റു പറയണം എന്നിങ്ങനെയാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന് കാലടി സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല കടുത്ത നിലപാട് തുടരുകയാണ്. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed