സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുൾ പൊട്ടല്‍. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി.
കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു.
പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ഒരാള്‍ കുടുങ്ങി കിടക്കുന്നു. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ചും അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

