കൊല്ലം: കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്നാണ് പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുള്‍ സലാം (37 ) ആണ് പൊലീസിന്റെ പിടിയില്‍ നിന്നും കടന്നുകളഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50 നാണ് ലോക്കപ്പിന്റെ കുറ്റി തുറന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കഞ്ചാവുമായിട്ടാണ് അബ്ദുള്‍ സലാമിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിച്ചപ്പോള്‍ രണ്ടു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
ഒരു ഫോണ്‍ കൊല്ലത്തു നിര്‍ത്തിയിട്ടിരുന്ന പാലരുവി എക്സ്പ്രസില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടര്‍ന്ന് കഞ്ചാവ് കൈവശം വച്ചതിനും മോഷണത്തിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പിലാക്കി. എന്നാല്‍ പൂട്ടാന്‍ മറന്നതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ചാടിപ്പോകുകയായിരുന്നു.

