മലപ്പുറം: പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ മുസ്ലിം ലീഗ് ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതെ മാറിനിന്നപ്പോൾ മന്ത്രി കെ.എം. ഷാജി നിലവിളക്ക് കൊളുത്തിയ സംഭവമാണ് ജലീൽ ചൂണ്ടിക്കാട്ടിയത്. ഒരേ വിശ്വാസം പിന്തുടരുന്നവരായിരിക്കെ ഒരാൾക്ക് അത് ‘ഹറാമും’ മറ്റൊരാൾക്ക് ‘ഹലാലും’ ആകുന്നതെങ്ങനെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചുപൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് ആരാധനയുടെ ഭാഗമായല്ല, കേരളത്തിന്റെ സാംസ്കാരിക ആചാരത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും, അതിനാൽ ഒരു മുസ്ലിം വിശ്വാസിക്കും അത് ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്നും ജലീൽ വ്യക്തമാക്കി. അതേസമയം, നിലവിളക്ക് കൊളുത്താതെ മാറിനിൽക്കുന്നവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ, ഈ വിഷയത്തിൽ മുസ്ലിം ലീഗിനുള്ളിൽ രണ്ട് വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാൻ പാടില്ലെന്ന് ജലീൽ പറഞ്ഞു.

എല്ലാവരും നിലവിളക്ക് കൊളുത്തുകയോ അല്ലെങ്കിൽ ആരും കൊളുത്താതിരിക്കുകയോ വേണമെന്നും, അല്ലാത്തപക്ഷം പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അദ്ദേഹം വിമർശിച്ചു.ലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞയുടെ രീതിയിൽ വരുത്തിയ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയ ജലീൽ, പാർട്ടി നിലപാടുകളിൽ മാറ്റം സംഭവിക്കുന്നുവെന്ന വിമർശനവും ഉന്നയിച്ചു. ആരാധനാരൂപത്തിലല്ലാതെ ഒരു സാമൂഹിക ആചാരമെന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നാണ് സമസ്തയുടെ മുൻ അധ്യക്ഷൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അസ്ഹരിയും അഭിപ്രായപ്പെട്ടിരുന്നതെന്ന് ജലീൽ കുറിപ്പിൽ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *