ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുക റെക്കോഡ് വിവാഹങ്ങൾ. ഇതുവരെ 354 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. രാവിലെ 4 മുതൽ തന്നെ വിവാഹങ്ങൾ തുടങ്ങി. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ ക്ഷേത്രത്തിൽ നടക്കുന്നത്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതോടെയാണ് ഇത്രയും വിവാഹങ്ങളുടെ ബുക്കിങ്ങുകൾ ഉണ്ടായത്. തിരക്ക് ഒഴിവാക്കാൻ ക്ഷേത്രത്തിൽ വലിയ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

മുൻ മന്ത്രിയും സി പി ഐ നേതാവുമായ വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. ഇതുവരെ ഏകദേശം 130 ഓളം വിവാഹങ്ങളാണ് കഴിഞ്ഞത്. 10 മിനിറ്റാണ് ഒരു വിവാഹത്തിന് അനുവദിച്ചിരിക്കുന്ന സമയം. സാധാരണ നിലയിൽ വിവാഹത്തിനായി 4 മണ്ഡപങ്ങളാണ് ക്ഷേത്രത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ ഇന്ന് കൂടുതൽ വിവാഹങ്ങൾ ഉള്ളതിനാൽ ആറ് മണ്ഡപങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
തിരക്ക് ഒഴിവാക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹ സംഘം നേരത്തേയെത്തി തെക്കേ നടയിലെ പട്ടർകുളത്തിനോട് അടുത്തുള്ള താത്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ സ്വീകരിക്കണം. അതുകഴിഞ്ഞ് അവിടെത്തന്നെ അവർക്ക് വിശ്രമിക്കാം. താലികെട്ടിന് സമയമാകുമ്പോൾ ഇവരെ മേൽപ്പത്തൂർ ഓഡിയത്തിലേക്ക് പ്രവേശിപ്പിക്കും.

ഇവിടെ നിന്ന് കിഴക്കേ മണ്ഡപത്തിലെ വിവാഹ മണ്ഡപത്തിലേക്ക് കയറ്റി വിടും. വിവാഹം കഴിഞ്ഞാൽ തെക്കേ നട വഴി ഇവർക്ക് പുറത്ത് പോകാം. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഞായറാഴ്ച ആയതിനാൽ ഭക്തരുടെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്കാണ് പ്രവേശിപ്പിക്കുന്നത്. ദർശന ശേഷം ഭക്തർക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴി പുറത്തേക്ക് പോകാം. അതേസമയം വിവാഹത്തിരക്ക് ഉള്ളതിനാൽ കിഴക്കേ നടയിലും മണ്ഡ ങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.

ഇന്ന് 150 ഓളം പോലീസുകാരെ ക്ഷേത്രത്തിൽ വിന്യസിച്ചിട്ടുണ്ട്. 100 ക്ഷേത്രം ജീവനക്കാരേയും അധികമായി നിയോഗിച്ചു. പ്രദക്ഷിണം, ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം വിവാഹത്തിനുള്ള ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
