വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു.

ഉടൻ ആരംഭിക്കാനിരിക്കുന്ന ഐ.എസ്.എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് ‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിൻ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ-ഉടമകളുടെ 1.25 കോടി രൂപ സംഭാവനയ്ക്ക് പുറമേയാണ് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന സർക്കാറിന്റെ തീവ്ര ശ്രമങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് ബ്ലാസ്റ്റേഴ്സും ഒപ്പം ചേരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ശുശെൻ വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയും വളർച്ചയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർത്തുപിടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞാണ് ടീം പ്രവർത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ പറഞ്ഞു.

കൊവിഡ്-19 കാലയളവിൽ, കൊവിഡ് പ്രതിരോധ പ്രവർത്തകർക്കായി 500,000 ഹൈഡ്രോക്ലോറോക്‌സിൻ സൾഫേറ്റ് 200 എം.ജി ടാബ്ലറ്റുകളും 10,000 എൻ95 മാസ്‌കുകളും സംസ്ഥാന സർക്കാരിലേക്ക് ക്ലബ് നൽകിയിരുന്നു.

2018ലെ പ്രളയ ദുരിതാശ്വാസത്തിനായി സി.എം.ഡി.ആർ.എഫിലേക്കുള്ള സംഭാവനയ്‌ക്കൊപ്പം കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, പനമ്പിള്ളി നഗർ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ക്ലബിന്റെ നേതൃത്വത്തിൽ റിലീഫ് മെറ്റീരിയൽ കലക്ഷൻ സെന്ററുകൾ ആരംഭിക്കുകയും ബന്ധപ്പെട്ട ഏകോപന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *