ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്‌ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില കുറയുന്നതും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വില കുറയ്ക്കാനുള്ള കാരണമായി വിലയിരുത്തുന്നു.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഒക്ടോബർ മധ്യത്തോടെ പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ അഞ്ചിന് ശേഷം വില കുറയ്ക്കാനുള്ള സാധ്യതയാണ് സിഎൽഎസ്എ കാണുന്നത്. ബിജെപിക്കും സഖ്യ കക്ഷികൾക്കും നിർണായകമായ മഹാരാഷ്ട്രയിൽ ജനപ്രീയമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വില കുറയ്ക്കാൻ ഇതാ കാരണം
2023 സെപ്റ്റംബർ മുതൽ മാർച്ച് 2024 വരെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ലിറ്ററിന് 9 രൂപ മാത്രമാണ്. എന്നാൽ ഏപ്രിലിന് ശേഷം 20 ശതമാനം ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായി.
സെപ്റ്റംബർ 10ന് ബാരലിന് 69 ഡോളറിലേക്ക് വീണ് മൂന്ന് വർഷത്തെ താഴ്ന്ന വിലയിലെത്തി. ഇതോടെ പൊതുമേഖലാ എണ്ണ കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ പെട്രോളിൽ ലിറ്ററിന് 10 രൂപയും ഡീസലിൽ 13 രൂപയുമാണ് എന്നാണ് വിലയിരുത്തൽ. ഈ ലാഭം ജനങ്ങളിലേക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചാൽ വില കുറയും.
എത്ര രൂപ കുറയും
ഇന്ധന വിലയിൽ ഒന്ന് മുതൽ രണ്ട് രൂപയുടെ കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് എണ്ണ കമ്പനികൾ രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു. സമാനമായ വിലകുറവ് ഇപ്പോഴും പ്രതീക്ഷിക്കുന്നു.
ഇന്ധന വില ലിറ്ററിന് അഞ്ച് രൂപ കുറച്ചാൽ രണ്ട് മാസത്തിനുള്ളിൽ പണപ്പെരുപ്പത്തിൽ 0.29 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കുമെന്നാണ് കണക്ക്. ഇതുകൂടി പരി ഗണിച്ചാകും വില കുറയ്ക്കുക. നിലവിൽ 100 രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിലെ പെട്രോൾ വില. 90 രൂപയ്ക്ക് മുകളിൽ ഡീസലിനും ഈടാക്കുന്നു.
There is no ads to display, Please add some