ഇടുക്കി:ഏലക്കായ്ക്ക് വിപണിയിൽ റെക്കോർഡ് വില കൈവന്നതിന് പിന്നാലെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലച്ചെടികളുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റി വൻതോതിൽ മോഷണം നടക്കുന്നത്. വിളഞ്ഞുനിൽക്കുന്ന ഏലശരങ്ങൾ പാടെ മുറിച്ചെടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. രാത്രികളിൽ തോട്ടങ്ങളിൽ കാവലിരുന്നിട്ടും മോഷണം തടയാനാകാത്തതോടെ വലിയ നിരാശയിലും പ്രതിസന്ധിയിലുമാണ് പ്രദേശത്തെ കർഷകർ.
ഏലക്കായുടെ വിപണി വില കിലോയ്ക്ക് മൂവായിരം രൂപ കടന്നതോടെയാണ് ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ ലക്ഷ്യമിട്ട് മോഷണ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് ഏലക്ക കർഷകരുടെ ഉറക്കം കെടുത്തി മോഷണം തുടരുന്നത്.
വിളവെടുപ്പിന് പാകമായ ഏലക്കകൾ മാത്രം പറിച്ചെടുക്കുന്നതിന് പകരം, ചെടിയുടെ ചുവട്ടിലെ ശരത്തോടെ ദാക്ഷിണ്യമില്ലാതെ വെട്ടിമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. തൊമ്പ്രക്കുടിയിൽ ജോഷി, പേനാട്ട് ജയൻ, കുപ്പശ്ശേരിയിൽ ബിനു, പുഞ്ചിളായിൽ വിനോജ്, സജി തുടങ്ങി പ്രദേശത്തെ നിരവധി കർഷകരുടെ തോട്ടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ മോഷണം നടന്നത്. ശരം പൂർണ്ണമായും വെട്ടിയെടുക്കുന്നതോടെ നടപ്പുവർഷത്തെ വിളവ് നഷ്ടപ്പെടുന്നതിന് പുറമെ, അടുത്ത സീസണിലെ ഉൽപ്പാദനത്തെയും ഇത് സാരമായി ബാധിക്കും.

