തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വി ഡി സതീശന് ചുമതലപ്പെടുത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാഹചര്യങ്ങൾ സർക്കാർ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം.ബന്ധപ്പെടേണ്ട നമ്പർ
944 7111844/ 9747132147
നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി ടൂറിസ്റ്റ് സംഘമാണ് അപകടമേഖലയില്‍ കുടുങ്ങിയത്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് നേപ്പാളില്‍ കുടുങ്ങിയത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു
മിന്നല്‍ പ്രളയത്തില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടിയന്തര ഹെല്പ്പ്ലൈന് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. (+977 985 131 6807, +977 970 910 7500) എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ 19 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൈലാഷ് യാത്രാ തീര്‍ഥാടകരും ഉള്‍പ്പെടുന്നു. നേപ്പാളിലെ പ്രകൃതിക്ഷോഭത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. നപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ എല്ലാ സഹായങ്ങളും നൽകുമെന്ന് വാഗ്ദാനം നൽകി. രക്ഷാപ്രവർത്തനത്തിലടക്കം ഇന്ത്യൻ സംഘങ്ങൾ സജീവമായി ഉണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്

