മലയാളികളിൽ ഭൂരിപക്ഷം പേരുടെയും ഭക്ഷണശീലങ്ങളിൽ നിന്ന് മീൻ വിഭവങ്ങൾ മാറ്റിവയ്ക്കാൻ പറ്റില്ല. ഇതാ ഒരു രുചിയൂറും മീൻ അച്ചാർ. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിച്ചാൽ വളരെ അധികം നാളുകൾ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം.
ചേരുവകൾ:
ചൂര (ട്യൂണ)മീൻ : 3/4 കിലോഗ്രാം (വൃത്തിയായി കഴുകി ചെറു കഷ്ണങ്ങളാക്കിയത്)
ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 ടേബിൾ സ്പൂൺ
ഉലുവ പൊടിച്ചത് – 1 ടീ സ്പൂൺ
മുളകുപൊടി – 4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ
ഉപ്പ് – 1 1/2 ടീ സ്പൂൺ
നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
നല്ലെണ്ണ – 350 മില്ലി ലിറ്റർ
വെളുത്തുള്ളി – 250 ഗ്രാം (നീളത്തിൽ കട്ടി കുറഞ്ഞരിഞ്ഞത്)
ഇഞ്ചി – 200 ഗ്രാം
പച്ചമുളക് – 10 എണ്ണം (ഞെട്ട് കളയാതെ നീളത്തിൽ പിളർന്നത്)
തയ്യാറാക്കുന്ന വിധം:
നന്നായി കഴുകി ഉണക്കിയ പാത്രത്തിൽ ചൂര കഷ്ണങ്ങൾ (വെള്ളം കൂടാതെ തുണിയിൽ ഒപ്പിയെടുത്തത്) ഇടുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചതും, ഉലുവ, മുളക്, മഞ്ഞൾ പൊടികളും ഉപ്പും ചേർത്ത് മീനിൽ പിടിക്കുന്നത് വരെ നന്നായി ചേർത്തിളക്കുക. അതിലേക്ക് നാരങ്ങ നീരും ചേർത്തിളക്കുക. ഇത് ഒരു മണിക്കൂറോളം വയ്ക്കുക.
ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി അരിഞ്ഞെടുത്ത വെളുത്തുള്ളി 6-7 മിനിറ്റ് സ്വർണ്ണ നിറമാകും വരെ വഴറ്റുക. ശേഷം ഇഞ്ചിയും 5-6 മിനിറ്റ് ബ്രൗൺ നിറം ആകും വരെ വഴറ്റുക. അതിലേക്ക് പച്ച മുളക് ചേർത്ത് 5 മിനിറ്റ് വഴറ്റുക. ബാക്കി വരുന്ന എണ്ണയിലേക്ക് പുരട്ടി വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് 10-12 മിനിറ്റോളം നന്നായി വറുത്തെടുക്കുക. ബാക്കി വരുന്ന എണ്ണയിലേക്ക് 50 മില്ലി ലിറ്റർ നല്ലെണ്ണ കൂടി ഒഴിച്ച് തിളപ്പിക്കുക.
ശേഷം കടുക് -2 ടേബിൾ സ്പൂൺ ഇതിൽ ചേർത്ത് പൊട്ടിക്കുക. കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് കായപ്പൊടി – 3/4 ടീ സ്പൂൺ, 4 ടീ സ്പൂൺ മുളക് പൊടി , 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടി , 3/4 ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കി 5 മിനിറ്റ് വഴറ്റുക. ശേഷം 3/4 കപ്പ് വിനിഗർ ചേർത്ത് 4 മിനിറ്റ് ഇളക്കുക. ഇതിലേക്ക് 1 ടീ സ്പൂൺ ഉലുവാ പൊടിച്ചതും ചേർക്കുക. വഴറ്റിയ ഈ ചേരുവകളിലേക്ക് വറുത്തെടുത്ത മീൻ കഷ്ണങ്ങൾ നന്നായി കൂട്ടി യോജിപ്പിച്ചു വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം കുപ്പികളിലോ ഭരണിയിലോ അടച്ചു സൂക്ഷിക്കുക.
There is no ads to display, Please add some