കൊയിലാണ്ടി: പയ്യോളിയില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി വ്യവസായിയും വടകര ചങ്ങരോത്ത് സ്വദേശിയുമായ അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് ഇന്ന് രാവിലെ പത്തരയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

പയ്യോളിയിലെ സ്വന്തം വീട്ടില്‍ വെച്ച് 13കാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും ഒരു ദിവസം പോലും ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച്ചയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജനകീയപ്രക്ഷോഭം കനത്തതോടെ കേസ് അന്വേഷിച്ച സി ഐ സാബുമോന്‍, സിപിഒ അബ്ദുള്‍ ഹമീദ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അബ്ദുള്‍ റഫീഖ്, അവരുടെ ഒത്താശയോടെ കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്.

10 മാസം മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്ത പയ്യോളി പോലീസ് രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്‌തെങ്കിലും ഒന്നാം പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു. ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. നെടുമ്പാശേരി വഴി നാട്ടിലെത്തിയിട്ടും ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. നേരത്തെ ജാമ്യഹർജി പരിഗണിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്മിറ്റായ ഇയാള്‍ വിധി പ്രതികൂലമാണെന്നറിഞ്ഞതോടെ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതെതുടർന്ന് പൊലീസിനെതിരെ ഉയര്‍ന്ന ശക്തമായ ജനരോഷത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതി പിടിയിലാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *