പത്തനംതിട്ട: ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്നുപേർക്ക് സസ്പെൻഷൻ. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അമ്പിളി, പോളിങ് ഓഫീസർമാരായ ദീപ, കലാ തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നാല് വർഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവിൽ അന്നമ്മയുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. ഇവരുടെ പേരിൽ വീട്ടിൽ വോട്ടിന് അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച ബി.എൽ.ഒയും വാർഡ് അംഗവും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

94-കാരിയായ അന്നമ്മയുടെ പേരിൽ ലഭിച്ച അപേക്ഷയിൽ ഇവരുടെ മരുമകളായ 72-കാരി അന്നമ്മയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. പ്രാദേശിക നേതൃത്വം പരാതി നൽകുകയായിരുന്നു. ബി.എൽ.ഒ. യു.ഡി.എഫ്. പ്രവർത്തകയാണെന്നും ബി.എൽ.ഒയും വാർഡ് അംഗവും ഒത്തുകളിച്ചതാണെന്നും എൽ.ഡി.എഫ്. ആരോപിച്ചു.

അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ബിഎല്‍ഒ രംഗത്തെത്തിയിരുന്നു. തെറ്റ് പറ്റിയെന്ന് ബിഎല്‍ഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎല്‍ഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബിഎല്‍ഒ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed