തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരിൽ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത്.

വാഹനങ്ങളുടെ യഥാർഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തിയാണ് ഇത്തരം സന്ദേശങ്ങൾ എത്തുന്നത്. ട്രാഫിക് നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴ അടയ്ക്കാൻ സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് നിർദേശം. സംശയം തോന്നാത്തവിധം ഔദ്യോഗിക അറിയിപ്പിന്റെ മാതൃകയിലാണ് സന്ദേശങ്ങൾ തയ്യാറാക്കുന്നത്.

റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും ഉൾപ്പെടുന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. തുടർന്ന് പിഴയടയ്ക്കാനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സിവിവി, ഒടിപി തുടങ്ങിയ രഹസ്യവിവരങ്ങൾ ആവശ്യപ്പെടും. ഇവ കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

അപരിചിതമായ എസ്എംഎസ് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പിഴയടയ്ക്കരുതെന്നാണ് പൊലീസിന്റെ നിർദേശം. വാഹനങ്ങൾക്ക് യഥാർഥത്തിൽ പിഴയുണ്ടോയെന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ ഒടിപിയോ കാർഡ് വിശദാംശങ്ങളോ മറ്റാരുമായും പങ്കുവയ്ക്കരുത്. സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുതെന്നും പൊലീസ് ഓർമിപ്പിച്ചു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകണം. സൈബർ ക്രൈം പരാതി പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.


