എരുമേലി: വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഒഴക്കനാട് ഓരുങ്കൽകടവ് കോസ്വേ പാലം ശനിയാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മണിമലയാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് പാലത്തിലൂടെ വാഹന ഗതാഗതവും കാൽനടയാത്രയും പുനഃസ്ഥാപിച്ചത്.

വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ കൈവരികൾ ഒലിച്ചുപോയതിനെ തുടർന്ന് ഒരാഴ്ചയായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ വാർഡ് അംഗം നാസർ പനച്ചിയുടെ സാന്നിധ്യത്തിൽ പാലത്തിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു.

പാലത്തിലൂടെ കടന്നുപോകുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് താൽക്കാലിക കൈവരികളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. കൈവരികൾ പൂർണമായും പുനഃസ്ഥാപിക്കുന്നതുവരെ താൽക്കാലിക സംവിധാനത്തിലൂടെയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്.


