തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് റുവൈസ് അറസ്റ്റിലായത്. അതിന് ശേഷം റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പിതാവിനെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പിതാവിനെയും റുവൈസിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌ാൽ മാത്രമേ ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിലേക്കുള്ള തെളിവുകൾ കണ്ടെത്താൻ സാധിക്കൂ എന്നതാണ് പൊലീസിന്റെ വാദം.
ഇതിന് പുറമേ റുവൈസിന്റെയും ഷഹനയുടെയും മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അടക്കം വിവരങ്ങൾ ലഭ്യമാകാനുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ റുവൈസിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള പൊലീസ് വാദം കണക്കിലെടുത്താണ് കോടതി നടപടി. നാളെ റുവൈസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.