കൊച്ചി: വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കലാപരമായും വാണിജ്യപരമായും ഏറെ മുന്നിൽനിന്ന സിനിമകളായിരുന്നു മോഹന്റേത്. പുതിയ കഥാപശ്ചാത്തലവും അതിനു ചേർന്ന അഭിനേതാക്കളും നവീന ദൃശ്യചാരുതയും മോഹന്റെ സിനിമകളുടെ പ്രത്യേകത ആയിരുന്നു. രണ്ട് പെൺകുട്ടികളിലൂടെ മലയാള സിനിമ അതുവരെ ദർശിക്കാത്ത പ്രമേയത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു മോഹൻ.
1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. ശാലിനി എന്റെ കൂട്ടുകാരിയിലൂടെ ശോഭ എന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനം തിരശ്ശീലയിൽ എത്തി. നെടുമുടി വേണുവിന്റെ തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പൊള്ളിച്ച സിനിമയായിരുന്നു വിടപറയും മുൻപേ. പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധനേടിയ ചിത്രങ്ങൾ. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.

There is no ads to display, Please add some