ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പതിനൊന്ന് മണിയാകുമ്പോഴേക്കും രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് വ്യക്തമായേക്കുും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ ശരിയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.

ഫെബ്രുവരി അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 60.39 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസിൻ്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സിസിടിവി നിരീക്ഷണവും തുടരുകയാണ്.

ആകെ 19 കൗണ്ടിങ് സെൻ്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരെ സജ്ജരാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

എക്സിറ്റ്പോളുകൾ അനുകൂലമായതിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. എന്നാൽ ഇവയെ തള്ളി ആം ആദ്മി പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ വന്നിട്ടുള്ള പ്രവചനങ്ങൾ തെറ്റാകുമെന്നാണ് ആം ആദ്മി നേതാക്കൾ പറയുന്നത്. 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനം ബിജെപി തിരിച്ചുപിടിക്കുമെന്നാണ് പ്രവചനങ്ങൾ പറയുന്നത്. ബിജെപി 35 മുതൽ 60 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനങ്ങൾ. എഎപിക്ക് 10 മുതൽ 19 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും വിവിധ സർവേകൾ പറയുന്നു.

70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 എന്ന സംഖ്യ കടക്കുന്നവർക്ക് ഭരണം പിടിക്കാം. 2020 ൽ 62 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി ഭരണത്തിലേറിയത്. 2015ൽ ആം ആദ്മി പാർട്ടി 67 സീറ്റുകൾനേടി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്.

2013, 2015, 2020 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ പ്രവചനങ്ങളും ഇന്നത്തേതിന് സമാനമായിരുന്നെന്നും ഫലം വരുമ്പോൾ തങ്ങൾ അധികാരത്തിലേറുമെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. 2013 ലെ എക്സിറ്റ്പോളുകളും ബിജെപിക്ക് അനുകൂലമായിട്ടായിരുന്നു ഫലം പ്രവചിച്ചത്. 35 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും. എഎപിക്കും കോൺഗ്രസ്സിനും 17 സീറ്റുകൾ വീതമേ ലഭിക്കുമെന്നുമായിരുന്നു പ്രവചനം.

2015 ൽ ആറ് എക്സിറ്റ്പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമായിട്ടായിരുന്നു. പക്ഷേ ആം ആദ്മിയുടെ മുന്നേറ്റം കൃത്യമായി വിലയിരുത്തുന്നതിൽ എക്സിറ്റ്പോളുകൾക്ക് കഴിഞ്ഞിരുന്നില്ല. എഎപിക്ക് 45 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു അന്നത്തെ പ്രവചനം. എന്നാൽ ഫലം പുറത്തുവന്നപ്പോൾ 67 സീറ്റുകളാണ് ആം ആദ്മിയ്ക്ക് ലഭിച്ചത്.

2020 ലെ എക്സിറ്റ്പോൾ ഫലങ്ങൾ ആം ആദ്മിയുടെ ആധിപത്യം പ്രവചിച്ചിരുന്നു. 52 സീറ്റ് എഎപിയും 17 സീറ്റ് ബിജെപിയും നേടുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എഎപിക്ക് 62 സീറ്റും, ബിജെപിക്ക് 8 സീറ്റും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *