ഏറ്റുമാനൂർ: മദ്യം വാങ്ങുന്നതിന് ക്യൂവിൽ നിന്ന യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം പള്ളിമല ഭാഗത്ത് കല്ലുവെട്ടു കുഴിയിൽ വീട്ടിൽ ജസ്റ്റിൻ സണ്ണി (29), ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ ഭാഗത്ത് തെക്കേതടത്തിൽ വീട്ടിൽ സച്ചിൻസൺ (26) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് 04.30 മണിയോടുകൂടി ഏറ്റുമാനൂർ ജംഗ്ഷനിലുള്ള ബിവറേജിൽ മദ്യം വാങ്ങുന്നതിനായി ക്യൂ നിന്ന ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ യുവാവിനെയും, ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റിൽ നിന്നും 2500 രൂപ കവർന്നെടുത്ത് കടന്നുകളയുകയുമായിരുന്നു.

യുവാവ് നില്‍ക്കുന്നതിനു മുൻവശം മദ്യം വാങ്ങുന്നതിനായി ഇവർ ഇടിച്ച് കയറുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ യുവാവിനെയും സുഹൃത്തിനെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണവും കവർന്നെടുക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇരുവരും ഏറ്റുമാനൂർ സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ പ്രദീപ്,ബിജു, എ.എസ്.ഐ ബിജു എം.പി, സി.പി.ഓ മാരായ ഡെന്നി,വിനേഷ് ,അജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *