തൃശൂർ: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തൃശൂരിൽ സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പദവി കേവലമൊരു അവകാശവാദമല്ലെന്നും മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എന്നാൽ ലയനം എന്നത് ഒരു പൈങ്കിളി പദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ ലയനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾക്ക് കൃത്യമായ ദിശാബോധം നൽകിയ ഭരണമായിരുന്നു സി. അച്യുതമേനോൻ സർക്കാരിന്റേത്. ആ സർക്കാരിനെ ഒരു ഇടതുപക്ഷ സർക്കാരായി അംഗീകരിക്കാൻ എന്തിനാണ് ചിലർക്ക് മടിയെന്നും അദ്ദേഹം ചോദിച്ചു.

എംഎൻ ഗോവിന്ദൻ നായർ വിഭാവനം ചെയ്ത ചരിത്രപ്രസിദ്ധമായ ലക്ഷംവീട് പദ്ധതിയുടെ തുടർച്ചയാണ് ഇന്നത്തെ ലൈഫ് മിഷൻ പദ്ധതി. എന്നാൽ ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് വാശിപിടിക്കുന്നതിൽപരം അൽപ്പത്തരം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

