തിരുവനന്തപുരം: തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും കൃത്യമായ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര തികച്ചും സ്വകാര്യ സന്ദർശനമാണെന്നും സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചല്ലെന്നും സംഘാടകരുടെ ചെലവിലാണ് താൻ അമേരിക്കയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ആഭ്യന്തര മന്ത്രി

സംസ്ഥാന സർക്കാർ 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ജനങ്ങൾ പവർക്കട്ടിൽ വലയുമ്പോൾ ആഭ്യന്തര മന്ത്രിയും മറ്റ് പ്രമുഖ ഭരണകക്ഷി നേതാക്കളും അമേരിക്കയിൽ ഉല്ലാസയാത്രയിലാണെന്ന് ചൂണ്ടിക്കാട്ടി ഇടത് സൈബർ ഇടങ്ങളിൽ വലിയ തോതിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ചെന്നിത്തല നേരിട്ടെത്തിയത്.

ഷിക്കാഗോയിലാണ് താനുള്ളതെന്നും കുടുംബത്തോടൊപ്പം എത്തിയത് ദീർഘകാല സുഹൃത്തിന്റെ കുടുംബവിശേഷത്തിൽ പങ്കെടുക്കാനാണെന്നും ചെന്നിത്തല വീഡിയോയിലൂടെ വിശദീകരിച്ചു. “ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണുമായി എനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഞാനും കുടുംബവും ഇവിടെ എത്തിയത്. ഷിക്കാഗോയിലെത്തിയപ്പോൾ പ്രവാസി മലയാളികളുമായി സംസാരിക്കാനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനും സാധിച്ചു. കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ചെയ്തു,” ചെന്നിത്തല പറഞ്ഞു.

വീഡിയോയുടെ അവസാന ഭാഗത്താണ് ആഭ്യന്തര മന്ത്രി സൈബർ ആക്ഷേപങ്ങൾക്ക് നേരിട്ട് മറുപടി നൽകിയത്: “പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ!” എന്ന് അദ്ദേഹം തുറന്നടിച്ചു.

