ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി സിബിഎസ്ഇ. പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്ന് സിബിഎസ്ഇയുടെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ പത്താം ക്ലാസില്‍ രണ്ട് ഭാഷാ വിഷയങ്ങളാണ് പഠിക്കുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ ഒരു ഭാഷയാണ് നിലവിൽ പഠിക്കേണ്ടത്. ഇത് രണ്ടെണ്ണമാവും. ഒരെണ്ണം മാതൃഭാഷയായിരിക്കും.

പത്താം ക്ലാസില്‍ പത്ത് വിഷയങ്ങള്‍ പഠിച്ച് പാസായാല്‍ മാത്രമേ ഉപരിപഠനം സാധ്യമാവൂ. നിലവില്‍ അഞ്ച് വിഷയങ്ങള്‍ പഠിച്ചാല്‍ മതി. മൂന്ന് ഭാഷ വിഷയങ്ങള്‍ക്ക് പുറമേ കണക്ക്, സോഷ്യല്‍ സയന്‍സ്, ആര്‍ട് എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, തൊഴില്‍ അധിഷ്ഠിത പഠനം, പരിസ്ഥിതി പഠനം എന്നിവയാണ് മറ്റു വിഷയങ്ങള്‍.

നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ 12-ാം ക്ലാസില്‍ 6 വിഷയങ്ങളില്‍ വിജയം വേണം. നിലവില്‍ അഞ്ചുവിഷയങ്ങളില്‍ ജയിച്ചാല്‍ മതി. ഒരു ഭാഷാ വിഷയവും മറ്റു നാലു വിഷയങ്ങളും. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിം വര്‍ക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഎസ്ഇ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്ന പോലെ തൊഴില്‍പരവും പൊതുവിദ്യാഭ്യാസവും തമ്മിലുള്ള അക്കാദമിക് തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *