ക്രിസ്തുമസ് – നവവത്സര ബമ്ബർ ഭാഗ്യക്കുറി വില്‍പ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 20 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാല്‍ തന്നെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 20 പേർക്ക് 1 കോടി വീതം രണ്ടാം സമ്മാനം ലഭിക്കുമെന്നതും ക്രിസ്തുമസ് – നവവത്സര ബമ്ബറിനെ പ്രിയമാക്കുന്നുണ്ട്.
ക്രിസ്തുമസ് – നവവത്സര ബമ്ബർ ഭാഗ്യക്കുറി 2025 ൻ്റെ തുടക്കത്തിലും വില്പനയില് കുതിപ്പു തുടരുകയാണ്. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി 03 വരെ 20,73 ,230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ക്രിസ്തുമസ് – നവവത്സര ബമ്ബർ ടിക്കറ്റു വില്പന തുടങ്ങിയത്.
സമ്മാനഘടനയില്‍ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്‍പ്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നല്‍കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്.
4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതും 2,14,120 ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 400 രൂപ വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്ബറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.
