തിരുവനന്തപുരം: ബാർ ഉടമകളിൽ നിന്ന് പിരിച്ചെടുക്കേണ്ട ടേൺ ഓവർ ടാക്സിൽ സർക്കാർ ഒളിച്ചു കളിക്കുന്നു. ടേൺ ഓവർ ടാക്സിന്റെ വിശദാംശങ്ങൾ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വർഷം കഴിഞ്ഞിട്ടും ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകിയില്ല. ബാറുകളുടെ എണ്ണം കൂടിയിട്ടും ആനുപാതികമായി ടേൺ ഓവർ ടാക്സ് പിരിവ് നടന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
വിൽപന നികുതിയുടെ പത്ത് ശതമാനമാണ് ബാറുകൾ നൽകേണ്ട ടേൺ ഓവർ ടാക്സ്. 2017 മുതൽ 2023 വരെ ബാറുകളിൽ നിന്ന് ലഭിച്ച ടേൺ ഓവർ ടാക്‌സ് വരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യം 2023 മാർച്ച് ആറിനാണ് നിയമസഭയിൽ റോജി എം ജോൺ ഉന്നയിച്ചത്. അൺസ്റ്റാർഡ് ഗണത്തിലുള്ള ചോദ്യത്തിന് നാളിത് വരെ ധനമന്ത്രി ഉത്തരം നൽകിയിട്ടില്ല. ഒരു വർഷം പിന്നിട്ടിട്ടും ഉത്തരം നൽകാത്തത് ടേൺ ഓവർ ടാക്സ് പിരിവ് കാര്യക്ഷമം അല്ലെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ്.
ബാർ ലൈസൻസ്, പഞ്ചനക്ഷത്ര ബാറുകൾക്ക് മാത്രമായി ചുരുങ്ങിയ 2016-2017 കാലയളവിൽ 300 കോടി വരെ ടേൺ ഓവർ ടാക്‌സായി ലഭിച്ചിട്ടുണ്ട്. 801 ബാറുകൾ ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടെങ്കിലും ടേൺ ഓവർ നികുതി 600 കോടി കടന്നിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മുമ്പ് നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓരോ ബാറും സന്ദർശിച്ചാണ് ടേൺ ഓവർ ടാക്‌സ് നിശ്ചയിച്ചിരുന്നത്.
ഇത് ഇപ്പോൾ ബാറുകൾ നൽകുന്ന കണക്കിനെ മാത്രം അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇതെല്ലാം ചേരുമ്പോൾ ബാർ ഉടമകളെ സർക്കാർ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
