നഗൗവ്: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. നഗൗവ് ജില്ലയിലെ ബട്ടദ്രവ സത്രത്തിന് മുമ്പിൽ വെച്ചാണ് രാഹുലിനെ അസം പൊലീസ് തടഞ്ഞത്.
ക്ഷേത്ര സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. ക്ഷേത്ര സന്ദർശനത്തിന് അനുമതി നിഷേധിക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ഇന്ന് രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അസം സർക്കാർ സത്രം സന്ദർശിക്കാൻ അനുമതി നൽകിയില്ല. സർക്കാർ തീരുമാനം മറികടന്ന് സത്രം സന്ദർശിക്കാനാണ് രാവിലെ രാഹുൽ എത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ മത്സരം സൃഷ്ടിക്കരുതെന്നും അത് അസമിന് ദുഃഖമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രം മാനേജ്മെന്‍റ് കമ്മിറ്റിയും അറിയിച്ചിരുന്നു. പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും. നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുലിന് മൂന്ന് മണിക്ക് ശേഷം സന്ദർശനം നടത്താമെന്നും മാനേജ്മെന്‍റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.


