സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി നടത്തിയ കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്‌ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളിൽനിന്ന് പുറത്തേക്കോടി. ചിലർ ചെരിപ്പുപോലും മറന്നു. പിന്നീടുമാത്രമാണ്, ഇത് സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ ഭാഗമായ കൃത്രിമ പൊട്ടിത്തെറിയാണെന്ന് മനസ്സിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാരിൽ ചിലർ പ്രതിഷേധമറിയിച്ചപ്പോൾ “തമാശയായി കാണൂ’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടി.

