കോഴിക്കോട്: പ്രസംഗത്തിനിടയിൽ തെറിപ്രയോഗത്തെ തുടർന്ന് ബിസിനസ് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇൻ്റർനാഷനൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് ശ്രോതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. പ്രഭാഷകൻ തുടരെ തെറിവിളി നടത്തിയതോടെ പരിപാടിക്കെത്തിയവർ ബഹളംവയ്ക്കുകയായിരുന്നു. പിന്നീട് സംഘാടകർ ഇടപെട്ടാണു പരിപാടി നിർത്തിവച്ചത്.

മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ റോട്ടറി ഇന്റർനാഷനലിൻ്റെ മെഗാ ബിസിനസ് കോൺക്ലേവ് നടന്നത്. പരിപാടിയിൽ ‘എന്തുകൊണ്ടാണ് സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?’ എന്ന വിഷത്തിലായിരുന്നു അനിൽ സംസാരിച്ചത്. എന്നാൽ, പ്രസംഗത്തിനിടെ പരിപാടി കേൾക്കാനെത്തിയ ബിസിനസുകാർക്കുനേരെ ഇയാൾ തെറിവിളി നടത്തുകയായിരുന്നു.

ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ മതിയായ ശ്രോതാക്കളില്ലെന്നു പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. പിന്നീട് സംഘാടകർ അനുനയിപ്പിച്ചാണ് ഇയാൾ വേദിയിലെത്തിയത്. ഒരു മണിക്കൂർ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാൾ ശ്രോതാക്കൾക്കുനേരെ തെറിവിളി ആരംഭിച്ചു.

‘കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ..’ എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്. തുടർന്നും വ്യവസായികളെ ‘തെണ്ടികൾ’ എന്നു വിളിച്ച് തെറിവിളി തുടർന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി പ്രതികരണം തുടങ്ങി. ഇതിനുശേഷവും തൻ്റെ കലിപ്പ് തീരണ വരെ നാണംകെടുത്തുമെന്നു വ്യക്തമാക്കി ഇയാൾ. പിന്നാലെയായിരുന്നു ശ്രോതാക്കൾ മുന്നിലേക്കു വന്നു പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്. പ്രസംഗം തുടരേണ്ടതില്ലെന്ന് ആളുകൾ വ്യക്തമാക്കി. ഇതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിവയ്പ്പിക്കുകയായിരുന്നു.
